2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിൻറെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്. ശബരിമല തീർത്ഥാടനായി വന്നപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം തൻറെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകി.
അയ്യപ്പൻറെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യശാലി മാധ്യമങ്ങളോട് പ്രതികരിച്ചത്. XC 224091 എന്ന നമ്പറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിൻറെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
മൂന്ന് ദിവസം മുമ്പാണ് ഭാഗ്യശാലി വിളിച്ചതെന്ന് ലോട്ടറി ഏജന്റ് ഷാജഹാൻ പറഞ്ഞു. ‘ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഭാഗ്യശാലി പറഞ്ഞെന്ന് ഷാജഹാൻ പറയുന്നു.’ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിരൂപയാണ്. ജേതാവിന്റെ അക്കൗണ്ടിലേക്കെത്തുന്നത് 12.60 കോടിരൂപ. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്. ഉയർന്ന സമ്മാനങ്ങൾ നേടുന്നവർ കേന്ദ്രസർക്കാർ നികുതിയും നൽകേണ്ടതുണ്ട്. ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റു വിറ്റ ഏജന്റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും.