സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കാലാവധി പൂർത്തിയാക്കി ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് ചിന്ത സ്ഥാനം ഒഴിയുന്നത്. മൂന്നു വർഷമാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷന്റെ കാലാവധി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്തയെ അദ്ധ്യക്ഷയായി നിയമിച്ചത്. പിന്നീട് സർക്കാരിന്റെ അവസാന ഘട്ടത്തിൽ വീണ്ടും നിയമനം നൽകിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടാം ടേം പൂർത്തിയായി. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്ക് ശേഷം ചുമതല വഹിച്ചു പോന്നത്. ലഹരി വിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽ മേളകൾ, ജോബ് പോർട്ടൽ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത പറഞ്ഞു.
പകരം കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ യുവജന കമ്മിഷൻ അദ്ധ്യക്ഷനാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ് എം ഷാജർ.