സൗദി-ഇറാനും തമ്മിൽ നീണ്ടുനിന്ന ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനം. ചൈനയുടെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കുന്നത് സംബന്ധിച്ച് വിദേശ കാര്യമന്ത്രിമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഇറാൻ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിക്കുന്നതിനൊപ്പം ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുമെന്നും പുതിയ കരാറിൽ പറയുന്നു. ഇറാൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൂസത് ബിൻ മുഹമ്മദ് അൽ ഐബാനും ചൈനയുടെ പ്രതിനിധിയും പങ്കെടുത്ത യോഗത്തിലാണ് കരാർ ഒപ്പിട്ടത്. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്ത് വിട്ടിട്ടുണ്ട്.
2016 മുതൽ ആരംഭിച്ച തർക്കങ്ങളാണ് അവസാനിച്ചത്. പ്രമുഖ ഷിയാ നേതാവിന് സൗദി വധശിക്ഷ നൽകിയതിൻ്റെ പേരിലാണ് തർക്കം ഉടലെടുത്തത്. പിന്നീട് ടെഹ്റാനിലെ എംബസി പ്രതിഷേധക്കാർ ആക്രമിച്ചതോടെ രംഗം വഷളാവുകയായിരുന്നു.
മധ്യപൂർവ ദേശത്തും യമൻ മുതൽ സിറിയ വരെയും സംഘർഷാവസ്ഥ ഉണ്ടായതിന് പിന്നിലും ഇറാൻ–സൗദി ശത്രുതയാണെന്ന വിലയിരുത്തലുകളുമുണ്ട്. യമനിലെ ആഭ്യന്തരയുദ്ധത്തിൽ സൗദി അനുകൂല ഭരണകൂടത്തിനെതിരായി ഹൂതി വിമതർ നടത്തിയ കലാപത്തെ പിന്തുണച്ചത് ഇറാനായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇരുരാജ്യങ്ങളേയം ഒരുമിപ്പിക്കുന്നതിന് നേരത്തെ ഒമാൻ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. പിന്നീടാണ് ചൈന മാധ്യസ്ഥത ഏറ്റെടുക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തുകയും ചെയ്തത്.
അതേസമയം ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കരാറിനെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷും വ്യക്തമാക്കി. ഇക്കാര്യത്തിൽ ചൈനയുടെ പങ്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നതായും ഡോ ഗർഗാഷ് ട്വീറ്റ് ചെയ്തു.