ട്രാഫിക് ബോധവത്കരണം മുതിർന്നവരിൽ എന്നപോലെ കുട്ടികളിലും അനിവാര്യമാണ്. കുട്ടികളുടെ അശ്രദ്ധയും അറിവില്ലായ്മയുമാണ് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിൽ വ്യക്തമായ ട്രാഫിക് അവബോധം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിരിക്കുകയാണ് ഷാർജ പൊലീസ്. വെറും ക്ലാസ് എന്നതിലുപരി റോഡ് മുറിച്ചുകടക്കുമ്പോഴും യാത്രയ്ക്കിടയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് അവരെ പരിശീലിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഡമ്മി പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിശീലനം.
അബുദാബി പൊലീസും ദുബായ് പൊലീസും ഇത്തരത്തിൽ കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസുകൾ നൽകിയിരുന്നു. കാൽനടയാത്രക്കാരും ഡ്രൈവർമാരും യാത്രയ്ക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളിലൂടെയാണ് മാർഗനിർദേശങ്ങൾ കുട്ടികളിലേയ്ക്കെത്തിച്ചത്. ഭാവി തലമുറയെ റോഡ് സുരക്ഷയേക്കുറിച്ചുള്ള മികച്ച അവബോധം നൽകി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തത്.