വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർക്കാണ് ജീവനും ഉറ്റവരും ഉടയവരും കിടപ്പാടവും ഉൾപ്പെടെ നഷ്ടപ്പെട്ടത്. ഇതോടെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി നിരവധി പേരാണ് എത്തുന്നത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകിയെത്തുന്നത്.
നിലവിൽ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഓൺലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. ഇന്ന് മാത്രം ഓൺലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക്. അതേസമയം, ആകെ ലഭിച്ച 110 കോടിയിൽ നിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല.
ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചതിന് പിന്നാലെ ജൂലൈ 30 മുതലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തി തുടങ്ങിയത്.