പത്തനംതിട്ടയിലെ ചരിത്ര സമരമായ ചെങ്ങറ ഭൂസമരത്തിന് പതിനഞ്ച് ആണ്ട്. ചെങ്ങറ സമരഭൂമിയിലെ ആളുകൾക്ക് പറയാനുള്ളത് കഠിനമായ ജീവിതാനുഭവങ്ങളും സമരത്തിന്റെ കനൽ അടങ്ങാത്ത ഓർമകളുമാണ്. 2007 ഓഗസ്റ്റ് നാലിനാണ് സമരത്തിന് തുടക്കം. ഹാരിസൺ കോർപറേഷന്റെ കോന്നി അതുമ്പും കുളത്തെ ചെങ്ങറ എസ്റ്റേറ്റിലേക്ക് വിമോചന മുന്നണിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സമരക്കാർ പെട്ടന്ന് കടന്നു കയറി. ളാഹ ഗോപാലന്റെ നേതൃത്വത്തിൽ 4000ത്തിലധികം വരുന്ന കുടുംബങ്ങളാണ് എസ്റ്റേറ്റിലേക്ക് ഇരച്ചു കയറിയത്. ഇന്റലിജിൻസിന് പോലും കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു അവരുടെ നീക്കം.
പോലീസുകാർ അവരെ ഒഴിപ്പിക്കാൻ എത്തിയപ്പോൾ റബർ മരങ്ങൾക്ക് മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടും കുട്ടികളെ മുന്നിൽ അണി നിരത്തിയും അവർ തങ്ങളുടെ സമര വീര്യം കൂട്ടി. സമരക്കാരെ അവിടെ നിന്നും പിരിച്ചുവിടാൻ ഹാരിസൺ ഓഗസ്റ്റ് 13 ന് ഹൈകോടതിയിൽ കേസ് നൽകി. ഭരണഘടനയുടെ 21,19,64 എന്നീ വകുപ്പുകളുടെ സുരക്ഷ ഉറപ്പാക്കി ഫലപ്രയോഗമോ ദേഹോപദ്രവമോ കൂടാതെ അവരെ ഒഴിപ്പിക്കാൻ കോടതി ഉത്തരവായി. അതുകൊണ്ടൊന്നും പക്ഷെ, അവർ പിന്മാറിയില്ല. ടാർപോളിൻ കെട്ടി കുടിലുണ്ടാക്കി അവർ അവിടെ തന്നെ നിലയുറപ്പിച്ചു. വെള്ളമോ ആഹാരമോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലാതെ ദുരിത ജീവിതം നയിച്ചു.
ഇത്രയേറെ പ്രതികൂല സാഹചര്യങ്ങളിലും ചെങ്ങറക്കാർക്ക് ഐക്യദാർഡ്യവുമായി രാജ്യത്തുടനീളമുള്ള വിവിധ സംഘടനകൾ രംഗത്ത് വന്നു. കേരളത്തിലെ പ്രമുഖ ദളിത് സംഘടനകളടക്കം സമരത്തെ പ്രതികൂലിച്ച് നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ചെറുത്തു നിൽപ്പുകൾ കൊണ്ടും മനോധൈര്യം കൊണ്ടും ആർക്കു മുന്നിലും ചെങ്ങറക്കാർ തലകുനിച്ചില്ല.
ചെങ്ങറയിലെ സമരക്കാർക്ക് സർക്കാർ വിവിധ ജില്ലകളിലായി ഭൂമി അനുവദിച്ചു നൽകിയെങ്കിലും വാസയോഗ്യമല്ലെന്ന കാരണത്താൽ പലരും സ്വീകരിക്കാൻ തയ്യാറായില്ല. പകരം സമരഭൂമി പകുത്തെടുത്ത് ചെറു വീടുകളും കൃഷിയുമായി സമരത്തിന്റെ രൂപം മറ്റൊരു തലത്തിലേക്ക് കടന്നു. പതിനഞ്ച് ആണ്ട് പിന്നിടുമ്പോഴും അവർ സമര ഭൂമിയിൽ തന്നെയുണ്ട്. കിടക്കാൻ ഒരു തുണ്ട് ഭൂമിയും ജീവിക്കാൻ തൊഴിലും മാത്രമാണ് അവർ ചോദിക്കുന്നത്. ഭൂമിയുടെ രാഷ്ട്രീയം ചർച്ചയാക്കിയ ചെങ്ങറയുടെ സമരഭൂവിൽ കെട്ടടങ്ങാത്ത ആവേശമായി അവർ ജീവിച്ചു പോരുന്നു.