സ്വതന്ത്ര ഇന്ത്യയിൽ നിന്ന് അന്യം നിന്നുപോയ ചീറ്റകളെ 70 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വനങ്ങളിൽ വേഗ രാജാക്കന്മാരായി വാണിരുന്ന ചീറ്റകളെ അക്കാലത്തെ രാജാക്കന്മാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും വേട്ടയാടി കൊന്നതാണ്. മനുഷ്യന്‍റെ നിരന്തരമുള്ള വേട്ടയാടൽ മൂലം വംശനാശം വന്ന ചീറ്റകളെ ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. ഒടുവില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം നടപടികള്‍ വേഗത്തിലാക്കി ഒടുവില്‍ നരേന്ദ്രമോദിയുടെ 72 -ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ മണ്ണിലേക്ക് നമീബിയയില്‍ നിന്നും ഏട്ട് ചീറ്റകളെ എത്തിക്കുകയുമായിരുന്നു.
നമീബിയയില്‍ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത ബോയിംഗ് വിമാനത്തിൽ എത്തിച്ച എട്ട് ചീറ്റപ്പുലികളെയും തന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്ലേക്ക് ഇന്ന് രാവിലെ തുറന്ന് വിട്ടത്. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി തന്നെ ക്യാമറയില്‍ പകര്‍ത്തി അവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണുണ്ടായത്.
1952ൽ രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, പദ്ധതിക്കെതിരെ വിമര്‍ശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ തങ്ങളാണെന്നും മോദി സർക്കാർ അതിൻ്റെ ക്രെഡിറ്റ് തട്ടിയെടുക്കുക ആണെന്നുമാണ് കോൺഗ്രസ് ആരോപണം. 2010-ൽ, മൻമോഹൻസിംഗ് മന്ത്രിസഭയിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ്, പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ പര്യടനം നടത്തിയ ചിത്രവും കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു.