കുവൈത്തിലെ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രം. ജൂൺ 30-നാണ് അനുവദിച്ച സമയം അവസാനിക്കുക. ഈ അവസരത്തിൽ രാജ്യത്തെ അനധികൃത താമസക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. നിയമലംഘകർ ജൂൺ 30നുള്ളിൽ രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
നാടുകടത്തുന്നതിന് മുന്നോടിയായി വിസ നിയമലംഘകരെ പാർപ്പിക്കാൻ നാല് സൈറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഡിപോർട്ടേഷൻ പ്രിസൺ, സുലൈബിയ പ്രിസൺ കോംപ്ലക്സിലെ ജുവനൈൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് കെട്ടിടം, അക്കമഡേഷൻ ഡിപ്പാർട്ട്മെന്റ്, യുഎൻ റൗണ്ട്എബൗട്ടിനോട് ചേർന്നുള്ള റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ഡിറ്റൻഷൻ ഡിപ്പാർട്ട്മെന്റ് കെട്ടിടം എന്നിവ ഈ സൈറ്റുകളിൽ ഉൾപ്പെടുന്നവയാണ്. നടപടികൾ പൂർത്തിയാകുമ്പോൾ നാടുകടത്താനുള്ള ഏകദേശം 3,500 ആളുകളെ ഉൾക്കൊള്ളാൻ ഈ സൈറ്റുകൾക്ക് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുമാപ്പ് അനുവദിച്ച കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ സാധിക്കും. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതിയും ലഭിക്കും. കൂടാതെ പൊതുമാപ്പ് സൗകര്യം ഉപയോഗിക്കുന്നവർക്ക് നാട്ടിൽ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും. മാർച്ച് 17 മുതലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയുമാണ് ലഭിക്കുക. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് കുവൈത്തിലേക്ക് പിന്നീട് തിരിച്ചുവരാനും സാധിക്കില്ല.