അബുദാബിയുടെ തീരപ്രദേശങ്ങളെ പ്രകാശപൂരിതമാക്കി ലൈറ്റ് ആർട്ട് പ്രദർശനമായ ‘മനാർ അബുദാബി’. പ്രദർശനം കാണാൻ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. സാദിയാത്ത് ദ്വീപ്, കോർണിഷ് റോഡ്, ലുലു ദ്വീപ്, ജുബൈൽ മൻഗ്രൂവ്സ്, സമാലിയ ദ്വീപ്, ഈസ്റ്റേൺ മൻഗ്രൂവ്സ്, ഫഹീദ് ദ്വീപ്, മംഷ സാദിയാത്ത് ദ്വീപ് എന്നിങ്ങനെ എട്ട് തീരപ്രദേശങ്ങളിലാണ് ലൈറ്റ് പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്.
അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 31 വരെയാണ് പ്രദർശനം സംഘടിപ്പിക്കപ്പെടുന്നത്. വിനോദ സഞ്ചാരികൾക്കായി ചില തീരപ്രദർശനങ്ങളിൽ സൗജന്യ പ്രവേശനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. അബുദാബി കോർണിഷിലെ ലൈറ്റ്, കലാ ശില്പങ്ങൾ വൈകിട്ട് 5.30 മുതൽ രാത്രി ഒരു മണിവരെ സൗജന്യമായും ലുലു ദ്വീപിലെ പ്രദർശനം വൈകിട്ട് 5.30 മുതൽ അർധരാത്രി 12 മണി വരെയും സന്ദർശകർക്ക് ആസ്വദിക്കാൻ സാധിക്കും.
ലൂവ്ര് അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ ലൈറ്റ് പ്രദർശനത്തോടൊപ്പം ഡ്രോൺ പ്രദർശനവുമുണ്ട്. വൈകിട്ട് ആറ് മണി, 7.30, ഒൻപത് മണി, 10.30 എന്നീ സമയങ്ങളിൽ ഡ്രോൺ പ്രദർശനങ്ങളും 6.40, 8.5, 9.40 എന്നീ സമയങ്ങളിൽ ലൈറ്റ് പെയിന്റിങ് പ്രദർശനങ്ങളും സൗജന്യമായി ഇവിടെ നിന്നും ആസ്വദിക്കാം. മനോഹരമായ ആർട്ട് ഇൻസ്റ്റലേഷനും ലൈറ്റ് പ്രദർശനവുമാണ് വൈകിട്ട് 5.30 മുതൽ അർധരാത്രിവരെ ഫഹീദി ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. സമാലിയ ദ്വീപിൽ വൈകിട്ട് 5.10 മുതൽ രാത്രി 10.30 വരെ പ്രവേശിക്കാൻ സാധിക്കും. ഈസ്റ്റേൺ മൻഗ്രൂവ്സിൽ മൂന്ന് ഇൻസ്റ്റലേഷനുകളാണുള്ളത്.
ജുബൈൽ മൻഗ്രൂവ് പാർക്കിൽ വൈകിട്ട് 5.30 മുതൽ ഒൻപത് മണി വരെ കണ്ടൽ ചെടികളുടെ ശാഖകളും വേരുകളുമെല്ലാം ലൈറ്റ് ആർട്ടിലൂടെ പ്രകാശിക്കുന്നത് കാണാൻ സന്ദർശകർക്ക് അവസരമുണ്ട്. വൈകിട്ട് 5.30 മുതൽ അർധരാത്രി 12 മണി വരെ ലൂവ്ര് അബുദാബിക്ക് സമീപം സ്ഥിതിചെയ്യുന്ന മംഷ അൽ സാദിയാത്തിലെ ലൈറ്റ് പ്രദർശനവും ആസ്വദിക്കാൻ സാധിക്കും.