വാഷിംഗ് മിഷനും ലാപ്ടോപ്പും ഉൾപ്പടെ കേടായ ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിച്ച് നല്‍കാമെന്ന പേരില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച യുവാവ് ദുബായ് പൊലീസിന്‍റെ പിടിയിലായി. പരാതിയെ തുടര്‍ന്നുളള അന്വേഷണത്തില്‍ നിരവധി ആളുകൾ തട്ടിപ്പിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇലക്ട്രിക്കൽ സാധനങ്ങൾ ശരിയാക്കുന്നതിലും വിൽക്കുന്നതിലും വൈദഗ്ധ്യം നേടിയ മൂന്ന് പ്രമുഖ കമ്പനികളുടെ ഏജന്‍റ് ആണെന്ന് പരസ്യം നല്‍കിയായയിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് സമീപിച്ച ആളുകളില്‍ നിന്ന് പണം ഈടാക്കിയിരുന്നെങ്കിലും ഉപകരണങ്ങൾ നന്നാക്കി നല്‍കിയില്ല. അസംത്ൃതരായ ഉപഭോക്താക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി വീട്ടുപകരണങ്ങളും മൊബൈല്‍ ഫോണുകളും പണം കൈപ്പറ്റിയ 600ല്‍ അധികം രസീതുകളും കണ്ടെടുത്തു.
പരസ്യപ്രചരണാര്‍ത്ഥം മൂന്ന് വെബ്‌സൈറ്റുകൾ സ്ഥാപിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. പ്രമുഖ കമ്പനികളുടെ ലോഗൊ ഉപയോഗിച്ചാണ് വ്യാജ സൈറ്റുകൾ പ്രവര്‍ത്തിച്ചിരുന്നത്. അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനും മറ്റും സഹായിയായി പ്രവര്‍ത്തിച്ച വനിതയും അറസ്റ്റിലായി. ഏഷ്യന്‍ വംശജനാണ് അറസ്റ്റിലായതെന്നും തട്ടിപ്പിന്‍റെ വ്യാപ്തിയെപ്പറ്റി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.