ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു. ഐഎസ്ആർഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങൾക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളർമതി. ചന്ദ്രയാൻ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവിൽ വളർമതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു.
തമിഴ്നാട്ടിലെ അരിയല്ലൂർ സ്വദേശിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിൽ ചേർന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ൻറെ പ്രോജക്ട് ഡയറക്ടറായിരുന്നു വളർമതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.
ഇന്ത്യയുടെ മിസൈൽ മാനും മുൻ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളർമതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സർക്കാർ വളർമതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്.