ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് കുട്ടിയുടെ പിതാവ്. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാവുള്ളു. അഞ്ച് വയസുകാരി ഇപ്പോൾ കേരളത്തിന്റെയും മകളാണ്. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ഇനിയുള്ള ആഗ്രഹം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരുകയും ചെയ്യണമെന്ന് കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന സർക്കാരിന് എതിരായോ പൊലീസിന് എതിരായോ ഒരു പരാതിയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും പിതാവ് പറഞ്ഞു.
ബീഹാർ സ്വദേശിയായ കേസിലെ പ്രതി അസ്ഫാഖ് ആലം (27) ത്തിന്റെ വിവരങ്ങൾ തേടി അന്വേഷണസംഘം ബിഹാറിലേക്ക് യാത്ര തിരിക്കും. അന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർ ഉടൻ ബിഹാറിലെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത ഉടൻ തന്നെ എണാകുളം റൂറൽ പൊലീസ് ബീഹാർ പൊലീസുമായി ബന്ധപ്പെട്ടിരുന്നു.