ബഹ്റൈനിൽ ന്യൂനമർദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇത് മൂലം ഈ മാസം 30 മുതൽ മേയ് നാലു വരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അസ്ഥിരമായ കാലാവസ്ഥ കുറച്ച് ദിവസം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്.
അതേസമയം, പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്തിടെ കനത്ത മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും ബഹ്റൈൻ സാക്ഷ്യം വഹിച്ചിരുന്നു. 100 മില്ലീ മീറ്ററിൽ കൂടുതലായിരുന്നു മഴ ലഭിച്ചത്. വെള്ളക്കെട്ടുമൂലം വലിയ രീതിയിൽ നാശനഷ്ടവുമുണ്ടായി. വീണ്ടും കനത്ത മഴ എത്തുമെന്ന മുന്നറിയിപ്പ് നൽകി ജാഗ്രത പുലർത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹ്റൈനിലെ കാലാവസ്ഥ വിഭാഗം.