സൗദിയുടെ വിവിധ മേഖലകളിൽ ഇന്ന് മുതൽ ഡിസംബർ 30 (ശനിയാഴ്ച) വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും പൊടിക്കാറ്റടിക്കുന്നതിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. മക്ക, റിയാദ്, മദീന, ഹൈൽ, അൽ ഖാസിം, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനും ഇടയുണ്ട്.
മക്ക, അൽ ബാഹ, തബൂക് തുടങ്ങിയ മേഖലകളിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകരുതെന്നും സൗദി സിവിൽ ഡിഫെൻസ് അധികൃതർ അറിയിച്ചു. കൂടാതെ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.