ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ഇതിന് പുറമെ കൂടുതൽ രാജ്യങ്ങളിലേക്ക് കൂടി അനുമതിക്കായി കമ്പനി ശ്രമിക്കുന്നു എന്നാണ് വിവരം.
ഒരു വിമാന കമ്പനിക്ക് മറ്റൊരു രാജ്യത്തേക്ക് സർവീസ് നടത്തണമെങ്കിൽ രണ്ട് രാജ്യങ്ങളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ വിമാനത്താവളത്തിലെ സ്ലോട്ടുകൾക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. യുഎഇയിലേക്ക് സർവീസ് അനുമതി ലഭിക്കാൻ ആകാശ എയറിന് പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വിമാന കമ്പനികൾ അന്താരാഷ്ട്ര സർവീസിന് എത്തുമ്പോൾ ടിക്കറ്റ് നിരക്കിൽ കുറവ് വന്നേക്കും. ചെലവ് കുറഞ്ഞ യാത്ര എന്ന മുദ്രാവാക്യമാണ് ആകാശ എയർ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടുതന്നെ ആകാശ എയർ ജിസിസി രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് പ്രവാസികൾക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആകാശ എയർ വ്യോമയാന മേഖലയിൽ രംഗപ്രവേശം ചെയ്തത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്.