ജനുവരി 25 ന് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്-ദീപിക ചിത്രം പത്താനിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശം നൽകി സെൻസർ ബോർഡ്. സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി അറിയിച്ചു.
സിനിമയിലെ വിവാദ ഗാനവും മറ്റ് രംഗങ്ങളും ഉൾപ്പെടെ മാറ്റി, പുതുക്കിയ പതിപ്പ് തിയറ്റർ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് സമർപ്പിക്കാനാണ് ‘പത്താൻ’ നിർമ്മാതാക്കളോട് സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചത്. പത്താൻ്റെ OTT അവകാശം ആമസോണ്‍ പ്രൈമിനാണ്. ആഗോള അവകാശം 100 കോടി രൂപയ്ക്ക് ആമസോണ്‍ സ്വന്തമാക്കുകയായിരുന്നു. 250 കോടിയാണ് മുതല്‍ മുടക്ക്.
ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം OTTയില്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ എത്തും. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ ഓറഞ്ച് കളർ ബിക്കിനിയെച്ചൊല്ലി വന്‍വിവാദമാണ് ഉയർന്നത്. 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റര്‍ റിലീസ് ചെയ്യുന്ന ഷാറൂഖ് ചിത്രമാണ് പത്താന്‍.