പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിദ്ധാര്‍ഥന്റെ അച്ഛന്‍. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ തീരുമാനത്തെ സിദ്ധാര്‍ഥന്റെ കുടുംബം സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ചതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് ഉറപ്പാണെന്നും അതുകൊണ്ട് സിബിഐ അന്വേഷിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഉടന്‍ തന്നെ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേസ് പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയ്ക്ക് വിടാം എന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞു.