ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മൂംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് വാങ്കഡെയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ പരിശോധനയും നടത്തി.
അതേസമയം സംഘത്തിലെ എസ്പി അടക്കമുള്ള രണ്ട് ഉദ്യോഗസ്ഥരെ മറ്റ് ചില കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിന്റെ പേരിൽ സർവീസിൽ നിന്നും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു.
2021ലാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. അന്ന് റെയ്ഡ് നടത്തിയ എൻസിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ. ലഹരിക്കേസിൽ നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയയ്ക്കുകയാണ് ഉണ്ടായത്. കൂടാതെ ആര്യൻ ഖാന്റെ കേസ് നടക്കുന്ന സമയത്ത് സമീർ വാങ്കഡെയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.