കടലിലെ ഏറ്റവും വലിയ സസ്തനിയാണ് തിമിംഗലം. അപകടകാരികളല്ലാത്ത ഇവ കടലിന്റെ അടിത്തട്ടിൽ സ്വൈര്യവിഹാരം നടത്തുന്നവയാണ്. എന്നാൽ കുറച്ച് കാലമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിമിംഗലങ്ങൾ തീരത്തടിയുന്ന കാഴ്ച വ്യാപകമാണ്. ഏഴ് തിമിംഗലങ്ങളാണ് തുടർച്ചയായി ചത്തത്. ഇതോടെ ഇവയുടെ മരണകാരണം അന്വേഷിച്ച് അധികൃതർ പഠനവും ആരംഭിച്ചു.
ഷാർജ, ദുബായ്, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ തീരങ്ങളിലാണ് തിമിംഗലങ്ങൾ അടിഞ്ഞത്. ഷാർജയിലെ എൻവയോൺമെൻ്റ് ആന്റ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെയും സായിദ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് ആദ്യ പഠനം പൂർത്തിയാക്കിയത്. മനുഷ്യൻ തന്നെയാണ് തിമിംഗലങ്ങളുടെ മരണത്തിന് കാരണം എന്നതാണ് ഞെട്ടിക്കുന്ന വാർത്ത.
കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണത്തോടൊപ്പം ഉള്ളിൽ കയറുക തുടങ്ങിയ കാരണങ്ങളാണ് തിമിംഗലങ്ങളുടെ മരണത്തിന് കാരണമായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കടൽ തീരങ്ങളിലും കടലിലുമായി മനുഷ്യർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ആഴക്കടലിൽ അടിയുകയും തിമിംഗലങ്ങൾ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുകയും ചെയ്യും. പിന്നീട് ഇവ അവരുടെ ദഹനനാളത്തിൻ്റെ തടസത്തിനും തുടർന്ന് മരണത്തിനും കാരണമാകും. അതിനാൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാം.