വളർത്തുപൂച്ചയുടെ ജീവൻ രക്ഷിക്കുന്നതിനായി അബുദാബിയിലെ ഒരു കുടുംബം മുടക്കിയത് 35,000 ദിർഹം അഥവാ 8 ലക്ഷം രൂപ. അബുദാബിയിൽ താമസമാക്കിയ ഇന്ത്യൻ പ്രവാസി കുടുംബമാണ് പൂച്ചയുടെ ശസ്ത്രക്രിയക്കായി വൻ തുക ചിലവഴിച്ചത്. പൂച്ചയുടെ തലച്ചോറിൽ പിടിപെട്ട മുഴ ശസത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് ഇത്രയും തുക ചിലവഴിച്ചത്.
ഇന്ത്യയിൽ നിന്നുള്ള ഫ്രീലാൻസ് എച്ച്ആർ കൺസൾട്ടൻ്റായ സുഗന്യ ജതിലിംഗവും കുടുംബാംഗങ്ങളുമാണ് പൂച്ചയ്ക്കായി പണം മാറ്റിവെച്ചത്. അറേബ്യൻ വിഭാഗത്തിൽപ്പെട്ട പൂച്ച എട്ട് വർഷമായി കുടുംബത്തോടൊപ്പമുണ്ട്. എൽസയെന്നാണ് വിളിപ്പേര്. ദിവസങ്ങൾക്ക് മുമ്പ് എൽസയിൽ രോഗ ലക്ഷണം പ്രകടമാവുകയായിരുന്നു.
നടക്കുമ്പോൾ എൽസ വഴുതിവീഴുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൂച്ചയെ മൃഗഡോക്ടറെ കാണിച്ചത്. പരിശോധനയിൽ മസ്തിഷ്കത്തിൽ അപൂർവ്വമായി ഉണ്ടാകുന്ന ട്യൂമർ കണ്ടെത്തി. എന്നാൽ പൂച്ചയെ മരണത്തിലേക്ക് പറഞ്ഞയക്കാൻ മനസ്സുവരാതിരുന്ന കുടുംബം ചികിത്സയ്ക്ക് തയ്യാറാവുകയായിരുന്നു. എൽസക്ക് അതിജീവിക്കാൻ അവസരം നൽകിയില്ലെങ്കിൽ തീരാദുഖമുണ്ടാകുമായിരുന്നെന്നും കുടുംബം പറയുന്നു.
എൽസയ്ക്ക് മൂന്ന് മണിക്കൂർ നേരത്തേക്കുളള അനസ്തേഷ്യ നൽകിയ ശേഷമായിരുന്നു മുഴ നീക്കം ചെയ്യൽ. ശസ്ത്രക്രിയ രണ്ട് മണിക്കൂർ നീണ്ടു. എൽസ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടറും പറയുന്നു. ഏറെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് അബുദാബിയിലെ ജർമൻ വെറ്ററിനറി ക്ലിനിക്കിലെ സംഘം ശസ്ത്രക്രിയ നടത്തിയത്. സംഘത്തിലെ ഡോക്ടർക്കും അപൂർവ്വ അനുഭവമായിരുന്നു എൽസയുടെ ശസ്ത്രക്രിയ.