ബംഗലൂരുവിൽ മലയാളി സിഇഒ അടക്കം രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ജോക്കർ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. കമ്പനിയിലെ മുൻ ജീവനക്കാരനാണ് പിടിയിലായ ഫെലിക്സ്. സാമൂഹിക മാധ്യമങ്ങളിൽ കൊലപാതക വാർത്ത ഫെലിക്സ് പങ്കുവെച്ചിരുന്നതായി ബംഗളൂരു പൊലീസ് പറയുന്നു.
ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫീസിൽ കടന്നുകയറി ഫെലിക്സ് ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിനയ് റെഡ്ഡിയെയും സന്തോഷിനെയും അടക്കം മൂന്ന് പ്രതികളെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് മൂവരെയും പിടികൂടിയത്.
ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് വിനുകുമാറും ഫണീന്ദ്ര സുബ്രഹ്മണ്യുവും മരിച്ചത്. എയറോണിക്സ് മീഡിയയിൽ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്കു രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വർഷം മുൻപാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഫെലിക്സ് ടിക്ടോക് താരം കൂടിയാണെന്നും പൊലീസ് വ്യക്തമാക്കി. ടിക് ടോക് താരമായ ഫെലിക്സിനു ‘ജോക്കർ ഫെലിക്സ്’ എന്നാണു സമൂഹമാധ്യമങ്ങളിലെ വിശേഷണം.