കാസർഗോഡ് ബേക്കലിൽ തെരുവുനായ ഭീഷണി മൂലം എയർഗണ്ണുമായി കുട്ടികൾക്കൊപ്പം മദ്രസയിലേക്ക് പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗർ സ്വദേശിയായ സമീറിനെതിരെയാണ് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തത്. സമൂഹത്തിൽ ലഹളയ്ക്കിടയാക്കും വിധം നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു, ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നക്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
നാഷ്ണൽ യൂത്ത് ലീഗ് ഉദുമ മംഗലം പ്രസിഡൻ്റ് കൂടിയാണ് സമീർ. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രസയിൽ കൊണ്ടുപോയതെന്ന് സമീർ പറയുന്നു.
നായയെ കൊല്ലാൻ എയർഗണ്ണ് കൊണ്ട് സാധിക്കില്ലെന്നും എന്ത് ലഹളയുണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും സമീർ ചോദിക്കുന്നു.വൈറലാകാനാണ് വിഡിയോ പങ്കുവെച്ചതെങ്കിൽ താൻ നല്ല വസ്ത്രവും റെയ്ബാൻ ഗ്ലാസുമെല്ലാം വെയ്ക്കില്ലേ എന്നും സമീർ ചോദിക്കുന്നു.