ആർ.ഡി.എക്സ് എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ കേസ്. സിനിമയിലെ ലാഭവിഹിതം നൽകിയില്ലെന്ന് അരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്. വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആർ.ഡി.എക്സസ് നിർമ്മാതാക്കളായ സോഫിയാ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ എറണാകുളം ഹിൽപാലസ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അന്യായമായിട്ടുള്ള ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പരാതിക്കാരിക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ആറ് കോടി രൂപയാണ് നിർമ്മാണത്തിനായി നൽകിയത്. മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്. എന്നാൽ ഏറെ നിർബന്ധത്തിനൊടുവിൽ മുടക്കുമുതൽ തിരികെ തന്നെങ്കിലും നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജന പരാതിയിൽ വ്യക്തമാക്കിയത്.
കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിൻ്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന തൃപ്പുണ്ണിത്തുറ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.