ബംഗളൂരുവിലെ അപ്പാർട്മെന്റിലിട്ട ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ കേസ്. തന്നിസന്ദ അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെയാണ് സമ്പിഗെഹള്ളി പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഓണാഘോഷത്തിന്റെ ഭാഗമായി മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ കുട്ടികളുടെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിയോടെ പൂക്കളം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ യുവതി നിമിഷങ്ങൾക്കകം പൂക്കളം നശിപ്പിക്കുകയായിരുന്നു.
കോമൺ ഏരിയയിൽ പൂക്കളം ഇട്ടത് ചോദ്യം ചെയ്ത യുവതി തന്നെ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും പൂക്കളം ചവിട്ടി അലങ്കോലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഏഴ് വർഷമായി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവിടെ ഓണാഘോഷം നടത്തിവരികയാണ്.