സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ 30 വർഷത്തോളമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ബീന ആൻ്റണിയും ഭർത്താവ് മനോജും. ഇരുവർക്കും ഫീൽഡിലെ അഡ്ജസ്റ്റ്മെൻ്റുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ്. എന്നാൽ അവർ അത് മറച്ചുവെച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്നാണ് ആലുവ സ്വദേശിയായ നടി ആരോപിക്കുന്നത്.
താൻ പണത്തിന് വേണ്ടി പ്രമുഖന്മാർക്കെതിരെ ആരോപണം ഉന്നയിക്കുകയും കരിവാരി തേക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഇവർ പറയുന്നതെന്നും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നടി ആരോപിച്ചു. നെടുമ്പാശേരി പൊലീസാണ് താരങ്ങൾക്കെതിരെ കേസെടുത്തത്. കേസിൽ നടി സ്വാസികയാണ് ഒന്നാം പ്രതി. ബീന ആൻ്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്.