കഅബയുടെ മുഖ്യ താക്കോൽ ഉടമയും സൂക്ഷിപ്പുകാരനുമായ ഷെയ്ഖ് സ്വാലിഹ് അൽ-ഷൈബി ജൂൺ 22 ശനിയാഴ്ച അന്തരിച്ചു. കബറടക്കം മക്കയിലെ അൽ മുഅല്ല സെമിത്തേരിയിൽ നടക്കും. പാരമ്പര്യം അനുസരിച്ച് 2013ലാണ് അദ്ദേഹം കഅബയുടെ സൂക്ഷിപ്പുകാരനായി ചുമതലയേറ്റത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരനായ ഉഥ്മാൻ ബിൻ തൽഹയുടെ 109-ാമത്തെ പിൻഗാമിയായിരുന്നു ഷെയ്ഖ് സാലിഹ് അൽ-ഷൈബി. നൂറ്റാണ്ടുകളായി ഈ കുടുംബം കഅബയുടെ പരിപാലകരായി സേവനമനുഷ്ഠിക്കുന്നു. അതേ കുടുംബത്തിലെ 77-ാമത്തെ സംരക്ഷകനായിരുന്നു അൽ-ഷൈബി.
കഅബയുടെ ശുചീകരണം, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ (കവർ) കീറിപ്പോയാൽ നന്നാക്കൽ തുടങ്ങി കഅബയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഈ കുടുംബത്തിനാണ്. നിലവിൽ കഅബയടുെ തുറക്കലും അടക്കലും മാത്രമായി പരിപാലകൻ്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.
യൂണിവേഴ്സിറ്റി പ്രൊഫസറായ അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മതത്തെയും ചരിത്രത്തെയും കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഇക്കൊല്ലത്തെ ഹജ്ജ് തീർത്ഥാടനത്തിലും കർമ്മനിരതനായ ശേഷമാണ് ഷെയ്ഖ് സാലിഹ് അൽ-ഷൈബിയുടെ വിയോഗം.