ഉത്പന്നങ്ങളിൽ അതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് പാക്കിങ് ലേബൽ വെയ്ക്കാറുണ്ട്. എന്നാൽ അത് വായിക്കാൻ കഴിഞ്ഞെല്ലെങ്കിലോ? ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ബേബി ലോഷൻ ബോട്ടിലിൽ ഉപയോഗക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ലീഗൽ മെട്രോളജി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണെന്ന് കാട്ടി ലഭിച്ച ഒരു പരാതിയാണ് ഈ വിധിയ്ക്കാധാരം.
ഉത്പന്നത്തിന്റെ ലേബലിലെ അക്ഷരങ്ങൾ വായിക്കാൻ കഴിയുന്ന തരത്തില്ലലെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിൽ കമ്പനിക്ക് 60,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ വിധിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാല പിള്ളയുടെ പരാതിയിലാണ് നടപടി.
2011- ലെ ചട്ടപ്രകാരമുള്ള വലുപ്പം ലേബലിലെ അക്ഷരങ്ങൾക്കുണ്ടെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ ആവശ്യപ്രകാരം ലേബലിന്റെ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിച്ചു. ലേബലുകളിൽ അച്ചടിച്ച അക്ഷരങ്ങൾ ചട്ടവിരുദ്ധമാണെന്നും വായിക്കാൻ കഴിയുന്നതല്ലെന്നുമായിരുന്നു വിദഗ്ധ റിപ്പോർട്ട്.