മൊബൈൽ ഫോണിൽ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും കാണുന്ന നിയമം ഒക്ടോബർ ഒന്ന് മുതൽ സൗദിയിൽ പ്രാബല്യത്തിൽ വരും. അജ്ഞാത ഫോൺ വിളികളും അതുവഴിയുള്ള തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. മൊബൈലിൽ വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനിൽ തെളിയുന്ന രീതിയിലാണ് സജ്ജമാകുക. 2ജി, 3ജി, 4ജി, 5ജി ഉൾപ്പെടെ എല്ലാത്തരം ജനറേഷനുകളിൽ നിന്നും വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദർശിപ്പിക്കാൻ ഇതുവഴി സാധിക്കും.
ഡിജിറ്റൽ റഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ ഇതിനാവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അറിയിച്ചു. നിയമപരമായ സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വർധിപ്പിക്കാനും മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ കുറയ്ക്കാനും പുതിയ നിയമം വഴി സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.