ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അനാഥരെ സ്പോൺസർ ചെയ്യാൻ ഖത്തർ ചാരിറ്റിയുടെ ‘എൻഡ്ലെസ് ഗിവിങ്’ ക്യാമ്പയിൻ. ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള റുഫഖാഅ് ആണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. ഖത്തറിലെ ഉദാരമതികളായ പൗരന്മാരുടെയും താമസക്കാരുടെയും പിന്തുണയിൽ റമദാനിലെ ആദ്യ ദിനങ്ങളിൽ 5000 പുതിയ അനാഥകളെ സ്പോൺസർഷിപ്പിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘നിങ്ങളുടെ കുടുംബം വിശാലമാക്കുക’ എന്ന തലക്കെട്ടിൽ ഒന്നോ അതിലധികമോ അനാഥരെ കുടുംബങ്ങളിലെ ഒരംഗമെന്ന നിലയിൽ പരിഗണിക്കണമെന്നും ഖത്തർ ചാരിറ്റി റുഫഖാഅ് ആവശ്യപ്പെട്ടു. സ്വന്തം കുടുംബാംഗമായി പരിഗണിക്കുന്നതിലൂടെ അവരെ സ്പോൺസർ ചെയ്യാൻ ഖത്തരി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. നിർധനരായ കുടുംബങ്ങൾ, അനാഥർ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിനുള്ള ഖത്തർ ചാരിറ്റി സംരംഭമാണ് റുഫഖാഅ്.
സമഗ്ര പരിചരണ പരിപാടികളിലൂടെ സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിനും മാനവികതയെ സേവിക്കുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. കൂടാതെ സുസ്ഥിരമായ സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിനും മുന്നിൽ നിൽക്കാൻ റുഫഖാഅ് ലക്ഷ്യമിടുന്നുണ്ട്. നിലവിൽ രണ്ട് ലക്ഷത്തിലധികം പേരാണ് ഖത്തർ ചാരിറ്റിയുടെ സ്പോൺസർഷിപ്പിന് കീഴിലുള്ളത്.