റാസൽഖൈമയിൽ നിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്ദയിലേയ്ക്ക് ബസ് സർവീസ് ആരംഭിക്കും. റാസൽഖൈമയിൽനിന്നുള്ള ആദ്യ രാജ്യാന്തര ബസ് സർവീസാണിത്. ഇതുസംബന്ധിച്ച കരാറിൽ മുസന്ദ മുനിസിപ്പാലിറ്റിയും റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും ഒപ്പുവച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യക്തികളുടെയും ടൂറിസ്റ്റുകളുടെയും സഞ്ചാരം വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
മുസന്ദ ഗവർണർ ഇബ്രാഹിം ബിൻ സെയ്ദ് ബിൻ ഇബ്രാഹിം അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ അൽ ബലൂഷിയും മുസന്ദ മുനിസിപ്പാലിറ്റി ഡയറക്ടർ നാസർ അൽ ഹൊസാനിയുമാണ് കരാറിൽ ഒപ്പിട്ടത്. റാസൽഖൈമയിലെ അൽദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസിന് റാംസ്, ഷാം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മുസന്ദ ഗവർണറേറ്റിൽ ഹാർഫ്, ഖദ, ബുഖ, തിബാത്ത് എന്നിവിടങ്ങളിലും നിർത്തിയ ശേഷം ഖസബ് വിലായത്തിൽ സർവീസ് അവസാനിക്കും.
ഹോർ മുസ് കടലിടുക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു പർവ്വത ഉപദ്വീപാണ് ഒമാനിലെ മുസന്ദ ഗവർണറേറ്റ്. ഡോൾഫിനുകൾ ഉൾപ്പെടെ വിവിധ സമുദ്രജീവികളാൽ സമ്പന്നമാണ് ഈ ദ്വീപ്. ഇവിടേയ്ക്ക് ബസ് സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് വളരെയെളുപ്പത്തിൽ, ചെലവ് കുറഞ്ഞ രീതിയിൽ ഇവിടേയ്ക്ക് എത്താൻ സാധിക്കും.