പുതുവര്‍ഷ ആഘോഷങ്ങൾ അവിസ്മരണീയമാക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ ആകര്‍ഷകവും സുരക്ഷിതവുമാക്കാനുളള ഒരുക്കങ്ങൾ മുന്നോട്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ബുർജ് ഖലീഫ തിങ്കളാഴ്ച ഫയർ ഡ്രിൽ നടത്തും.
ആഘോഷങ്ങളുടെ കേന്ദ്ര ബിന്ദു
യുഎഇയിലെ പുതുവര്‍ഷ ആഘോഷങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ബുര്‍ജ് ഖലീഫ. എല്ലാ ആഘോഷങ്ങളിലും സംഘടിപ്പിക്കുന്നതുപോലെ ബുര്‍ജ് ഖലീഫയിലെ പൈറോടെക്‌നിക് പ്രദർശനങ്ങൾ ഇക്കുറിയും കാഴ്ചക്കാര്‍ക്ക് ആവേശം പകരും. 2022ന് വിടചൊല്ലി പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഈ വർഷം ഡൗൺടൗൺ ദുബായ് ഏരിയയിൽ വൻ ജനക്കൂട്ടം ഒത്തുചേരുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകൾ സംഘടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാൾ പുതുവര്‍ഷാഘോഷത്തിന് മാറ്റേറും.
സംയുക്ത പരിശീലനം
സുരക്ഷിതമായി ആഘോഷം മുന്‍നിര്‍ത്തിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സിവില്‍ ഡിഫന്‍സ് , അഗ്നിശമന സേനാംഗങ്ങൾ , പൊലീസ് തുടങ്ങി വിവധ വകുപ്പുകൾ അണിചേരും. തീപിടുത്ത സാധ്യതകൾ ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളിലെ ഇടപെടല്‍, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, ആശയ വിനിമയത്തിലെ വേഗത, സുരക്ഷാ നടപടികൾക്കെടുക്കുന്ന സമയം തുടങ്ങി വിവിധ തലങ്ങളില്‍ പരിശീലനം നടത്തും. താമസക്കാർ, ഹോട്ടൽ അതിഥികൾ, ജീവനക്കാർ എന്നിവർ ഡ്രില്ലിൽ പങ്കെടുക്കും.
കഴിഞ്ഞവര്‍ഷം 112-ാം നിലയില്‍ തീപിടുത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളാണ് മോക് ഡ്രില്ലായി നടത്തിയത്. അലാറം മുഴങ്ങി നാല് മിനിറ്റിനുളളില്‍ രക്ഷാപ്രവര്‍കര്‍ 112ാം നിലയിലെത്തുകയും പത്ത് മിനിറ്റിനുളളില്‍ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ലേസര്‍ ഷോ റെക്കോര്‍ഡ്
വാട്ടര്‍ ഫൗണ്ടന്‍, ലേസര്‍ ഷൊ, കരിമരുന്ന് പ്രയോഗം, തുടങ്ങി 2023നെ പ്രതീക്ഷയുടേയും സന്തോഷത്തിന്‍റേയും വര്‍ഷമാക്കും വിധമാണ് ആഘോഷങ്ങൾ ക്രമീകരിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ദൂരം സഞ്ചരിക്കുന്ന ലൈറ്റ് ബീമുകളുള്ള ലേസർ ഡിസ്‌പ്ലേ എന്ന പുതിയ ലോക റെക്കോർഡും ബുര്‍ജ് ഖലീഫ സൃഷ്ടിക്കും.