പുതുവത്സര രാവിൽ അതിമനോഹരമായി അണിഞ്ഞൊരുങ്ങി ബുർജ് ഖലീഫ. പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെത്തിയ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് ബുർജ് ഖലീഫയിൽ ഒരുക്കിവെച്ചത് വർണ വിസ്മയം തന്നെയായിരുന്നു. 22,000 ഗ്യാലൻസ് വെള്ളം ഉപയോഗിച്ചായിരുന്നു കാഴ്ചയുടെ മനോഹാരിത അന്തരീക്ഷത്തിൽ വിരിയിച്ചത്.
15,000-ലധികം പൈറോ ടെക്നിക്കുകൾ ഉപയോഗിച്ചായിരുന്നു വിസ്മയ പ്രകടനം. ബർജ് ഖലീഫയ്ക്ക് ചുറ്റും നിർമ്മിച്ച 365 ഫയറിങ് പൊസിഷനുകളിൽ നിന്ന് 2800-ലധികം ദിശകളിലേയ്ക്കാണ് കാഴ്ചയുടെ ദൃശ്യാനുഭവം വിടർന്നത്. 10 മാസത്തെ ഒരു കൂട്ടം ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു പുതുവത്സര രാവിൽ ദുബായിൽ ദൃശ്യമായത്.
എല്ലാ വർഷവും പുതുവത്സര രാവിനെ വരവേൽക്കാൻ നിരവധി പേരാണ് ദുബായിലെത്തുന്നത്. ഓരോ വർഷവും പുതുമയാർന്ന ദൃശ്യഭംഗിയാണ് ബുർജ് ഖലീഫ സഞ്ചാരികൾക്കായി ഒരുക്കുന്നതും.