അബുദാബിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങൾ നിയമവിധേയമാക്കുന്നതിന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ നിയമവിധേയമാക്കാൻ സമയപരിധിയും നിശ്ചിയിച്ചു.
2024 ജൂൺ മുതൽ രണ്ട് വർഷത്തെ ഗ്രേസ് പിരീഡാണ് ഇതിനായി ലഭ്യമാവുക. ഈ കാലയളവിൽ കെട്ടിടഉടമകൾ ആവശ്യമായ പെർമിറ്റുകൾ നേടിയെടുക്കണമെന്നാണ് നിർദ്ദേശം.കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷക്ക് പുറമേ ചട്ടങ്ങളും പാലിക്കുന്നത് സംബന്ധിച്ചും അധികൃതർ പരിശോധന നടത്തും.
മികച്ച ജീവിത നിലവാരവും സുരക്ഷയും ഒരുക്കുന്നതിൻ്റെ ഭാഗമാണ് നിയന്ത്രണങ്ങളെന്നും അധികൃതർ സൂചിപ്പിച്ചു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് പുതിയതായി പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് പ്രോപ്പർട്ടി ഉടമകൾ പ്രയോജനപ്പെടുത്തുമെന്നാണ് നിഗമനം.