ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഏഴ് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുസ്തി താരങ്ങൾ സമരത്തിലാണ്. ഗൗരവതരമായ കേസാണിത്. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
അതേസമയം ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി ബ്രിജ് ഭൂഷൺ രംഗത്തെത്തി. കുറ്റം തെളിയിച്ചാൽ സ്വയം തൂങ്ങി മരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെളിവുകൾ കൈവശമുണ്ടെങ്കിൽ ഗുസ്തി താരങ്ങൾ കോടതിയിലോ പൊലീസിനോ നൽകണമെന്നും ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു. ശിക്ഷയേറ്റ് വാങ്ങാൻ തയാറാണെന്നും മെഡലുകൾ ഗംഗയിൽ ഒഴുക്കിയാൽ ബ്രിജ് ഭൂഷനെ തൂക്കിലേറ്റാൻ കഴിയില്ലെന്നും ബ്രിജ് ഭൂഷൺ പൊതുയോഗത്തിൽ വ്യക്തമാക്കി.
അതിനിടെ ഗുസ്തി താരങ്ങളുടെ സമരം ചർച്ച ചെയ്യാൻ വിളിച്ച ഖാപ്പ് പഞ്ചായത്തിന്‍റെ യോഗം നാളത്തേക്ക് മാറ്റി വച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ഖാപ്പ് പഞ്ചായത്തിന്‍റെ യോഗം ചേരുന്നത്. യോഗത്തിൽ തുടർനടപടികളിലായിരിക്കും അന്തിമ തീരുമാനം സ്വക്കുക.