കണ്ണൂര്‍ എടക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന് ദാരുണാന്ത്യം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാല്‍ നൗഷാദാണ് മരിച്ചത്. ഓട്ടിസ ബാധിതനായ നിഹാലിന് സംസാര ശേഷിയില്ലാത്തതിനാൽ തെരുവുനായ ആക്രമിച്ചപ്പോൾ നിലവിളിക്കാനോ ബഹളം വയ്ക്കാനോ കഴിഞ്ഞില്ല.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ നിഹാലിനെ കാണാതായിരുന്നു. തിരച്ചിലിനൊടുവില്‍ വീടിൻ്റെ 300 മീറ്റര്‍ അകലെ അകലെയുളള പറമ്പില്‍ നിന്നും കുട്ടിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിയെ തിരയുന്നതിനിടയില്‍ തെരുവുനായകളുടെ ബഹളം കേട്ടതോടെയാണ് പ്രദേശത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയത്. ഗുരുതര പരുക്കേറ്റ് ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
നിഹാല്‍ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതായാണ് നിഗമനം. ധര്‍മ്മടം സ്വാമിക്കുന്ന് ജേഴ്‌സീസ് സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിഹാൽ. എടക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായ് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബഹ്റിനിൽ പ്രവാസിയായ നൗഷാദിൻ്റേയും നുസീഫയുടെയും മകനാണ് മരിച്ച നിഹാൽ. നസലാണ് സഹോദരന്‍.
ദാരുണസംഭവമെന്ന് മന്ത്രി
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. അടിയന്തിരമായി ഇടപെടുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സർക്കാർ കൃത്യമായ നിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയിരുന്നെന്നും മന്ത്രി സൂചിപ്പിച്ചു.