ഭര്‍ത്യവീട്ടില്‍ ജോലി ചെയ്യാന്‍ പറയുന്നത് ദ്രോഹമല്ലെന്നും വേലക്കാരിയോട് എന്നപോലെ പെരുമാറിയെന്ന് കരുതാന്‍ കാരണമല്ലെന്നും ബോംബെ ഹൈക്കോടതി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ യുവതി നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണമുണ്ടായത്.
ഭര്‍തൃവീട്ടില്‍ വേലക്കാരിയെപ്പോലെ പെരുമാറുന്നെന്നും വീട്ടുജോലികൾ എടുക്കാന്‍ നിര്‍ബന്ധിക്കുന്നെന്നുമാണ് യുവതി ഹര്‍ജി നല്‍കിയത്. എന്നാല്‍ ഏത് തരത്തിലാണ് ദ്രോഹിച്ചതെന്ന് വ്യക്തമാക്കാതെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ നടപടിയെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍, യുവതി പതിവു പരാതിക്കാരിയാണെന്ന് ഭര്‍ത്താവിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മുൻ ഭർത്താവിനെതിരെയും സമാനമായ പരാതികൾ ഉന്നയിച്ചിരുന്നെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അതേസമയം കോടതി നിരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുളളത്. കോടതി നിരീക്ഷണം പരിഷകൃതമല്ലെന്നും യാഥാസ്ഥിതിക ചിന്തയാണെന്നും ഒരുവിഭാഗം പറയുമ്പോൾ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റിയും ദാമ്പത്യജീവിതത്തിലെ സഹകരണത്തപ്പറ്റിയും വരെ ചര്‍ച്ചകൾ ഉയരുകയാണ്.