മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയെ ചേർത്തുനിർത്തി ബോബി ചെമ്മണ്ണൂർ. ശ്രുതിക്ക് 10 ലക്ഷം രൂപയാണ് ബോചെ കൈമാറിയിരിക്കുന്നത്. അപകടത്തേത്തുടർന്ന് ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രുതിയെ സന്ദർശിച്ച ബോചെ, ഏട്ടനായി എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞ വാക്കാണ് പാലിച്ചിരിക്കുന്നത്.
ശ്രുതിക്ക് വീട് നിർമ്മിക്കുന്നതിനായാണ് ബോചെ 10 ലക്ഷം രൂപ കൈമാറിയത്. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ അദ്ദേഹം പാലിച്ചത്. ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വച്ച് നൽകുമെന്നും ശ്രുതിക്ക് വാക്ക് നൽകിയാണ് ബോബി ചെമ്മണ്ണൂര്‍ അന്ന് ആശുപത്രി വിട്ടത്. തുടർന്ന് രണ്ട് ദിവസത്തിനുശേഷം ശ്രുതി ആശുപത്രി വിട്ട് കൽപ്പറ്റ അമ്പിലേരിയിലെ വാടക വീട്ടിലേക്ക് എത്തുകയും ചെയ്തു.
ഈ വീട്ടിൽ എത്തിയാണ് എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ്, ആർ.ജെ.ഡി. നേതാവ് പി. കെ. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ലാ നേതാവ് റസാഖ് കൽപ്പറ്റ, സി.പി.ഐ. നേതാവ് യൂസുഫ്, നാസർ കുരുണിയൻ, ബോബി ഇൻ്റർനാഷണൽ ഗ്രൂപ്പ് പ്രതിനിധി ഹർഷൽ എന്നിവർ ചേർന്നാണ് ബോചെയുടെ ചെക്ക് ശ്രുതിക്ക് കൈമാറിയത്. ജെൻസണിൻ്റെ അമ്മ മേരിയും ശ്രുതിയോടൊപ്പം ഉണ്ടായിരുന്നു.
ചെക്ക് നൽകിയതിന് ശേഷം ശ്രുതിയെ വീഡിയോ കോളിൽ കണ്ട് ബോചെ സംസാരിക്കുകയും 10 ലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലെന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങൾക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതിയും പറഞ്ഞു.