മോചനം കാത്ത് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് മുന്നോട്ടുള്ള ജീവിതത്തിൽ താങ്ങാകാൻ ബോബി ചെമ്മണ്ണൂർ. നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന റഹീമിനെ തന്റെ ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടം ശരിയാക്കാം എന്നാണ് ബോചെ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതോടൊപ്പം നാട്ടിലെത്തിയാൽ കല്യാണം കഴിച്ച് സുഖമായി ജീവിക്കണമെന്നും അദ്ദേഹം റഹീമിനോട് പറഞ്ഞു.
മോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ റഹീം തന്നെ മോചിപ്പിക്കാൻ സഹായിച്ചതിന് നന്ദി പറയാൻ ജയിലിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ വിളിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാൻ ശ്രമിച്ച ബോബിക്ക് റഹീം നന്ദി അറിയിച്ചു. ഈ അവസരത്തിലാണ് ബോചെ റഹീമിന് തുണയാകാൻ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തത്.
“എന്നോടൊന്നും നന്ദി പറയേണ്ടതില്ല. നമ്മൾ ഒരു ജീവൻ രക്ഷിക്കുക മാത്രമാണ് ചെയ്തത്. എല്ലാത്തിനും ദൈവത്തിന് നന്ദി. നാട്ടിൽ വന്ന ശേഷം ഒരു കല്യാണം കഴിക്കണം. സന്തോഷകരമായ ജീവിതം നയിക്കണം. ഇനി ഓട്ടോ ഓടിച്ച് ജീവിക്കേണ്ടതില്ല. ഞാൻ ഒരു ബിസിനസ് പങ്കാളിയായി കച്ചവടം ഒക്കെ ശരിയാക്കാം“ എന്നാണ് ബോബി ചെമ്മണ്ണൂർ റഹീമിനോട് പറഞ്ഞത്.