ബോട്ടുകൾ നിരത്തി എഴുതിയത് “യുഎഇ” എന്ന വാക്ക്. കുറെയേറെ ബോട്ടുകൾ നിരത്തിയ ആകാശ ദൃശ്യത്തിലാണ് “യുഎഇ”ഏറ്റവും മനോഹരമായത്. ഈ കാഴ്ച പുതിയ ലോക റെക്കോർഡാണ് സമ്മാനിച്ചത്.
അബുദാബിയിലെ അൽ ലുലു ദ്വീപിൽ 50-ലധികം ബോട്ടുകൾ പാർക്ക് ചെയ്താണ് യുഎഇ എന്ന ചുരുക്കപ്പേരിൽ റെക്കോർഡ് സൃഷ്ടിച്ചത്. ബോട്ട് ടൈ-അപ്പിൽ വാട്ടർ സ്‌പോർട്‌സ് ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ മുതൽ പോണ്ടൂണുകൾ, ക്യാപ്റ്റൻസ് ക്ലബ്ബിൽ നിന്നുള്ള ക്രൂയിസിംഗ് ബോട്ടുകൾ തുടങ്ങി വിവിധതരം ബോട്ടുകൾ ഉണ്ടായിരുന്നു.
ഏഴര മണിക്കൂർ എടുത്താണ് ഈ റെക്കോഡ് ശ്രമം പൂർത്തിയാക്കിയത്. ആകൃതിയ്ക്ക് 380 മീറ്റർ നീളവും 155 മീറ്റർ വീതിയുമുണ്ട്. അൻപതിലധികം ബോട്ടുകൾ കൃത്യമായി നിരത്തിവെയ്ക്കാൻ 64 ക്യാപ്റ്റൻമാർ വേണ്ടി വന്നു. ഓരോ ബോട്ടും അതിന്റെ സ്ഥാനത്ത് ഉറപ്പിക്കാൻ ഏകദേശം 20-30 മിനിറ്റാണ് വേണ്ടി വന്നത്.