തൃശ്ശൂർ മണ്ഡലം ഒഴിച്ചാൽ ബാക്കി ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. സ്റ്റാർ മണ്ഡലങ്ങളിൽ സ്റ്റാർ സ്ഥാനാർത്ഥികളെ നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനിടെ തിരുവനന്തപുരത്ത് നടി ശോഭനയെ മത്സരിപ്പിക്കാൻ ബിജെപി നീക്കമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി കേന്ദ്ര നേതാക്കൾ ഇത് സംബന്ധിച്ച് താരവുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പൂർണമായും കേന്ദ്ര നേതൃത്വമാണ്. ശക്തനായ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് മാത്രമാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഇങ്ങനെ തിരുവനന്തപുരത്തെ പട്ടിക നീണ്ടുപോയിരുന്നു. സിനിമാതാരം ശോഭനയാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ.
തൃശൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തില്‍ ശോഭനയും പങ്കെടുത്തിരുന്നു. ഇത് വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്. ശോഭനയുടെ ബിജെപി ചായ്വെന്ന രീതിലിയാണ് ഇതിനെ പലരും വ്യാഖ്യാനിച്ചതും. ശക്തമായ നേതൃത്വമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്, ഏറെ പ്രതീക്ഷയോടെയാണ് വനിത സംരക്ഷണ ബില്ലിനെ നോക്കിക്കാണുന്നതെന്ന് അന്ന് ശോഭന പറഞ്ഞിരുന്നു. ബിജെപി ബന്ധമുള്ള സംവിധായകരും താരങ്ങളും ബിജെപി കേന്ദ്ര നേതാക്കളും ശോഭനയുമായി സ്ഥാനാര്ഥികാര്യം സംസാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ശോഭന സമ്മതം മൂളിയോ എന്ന കാര്യം വ്യക്തമല്ല!