ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോരാട്ടങ്ങൾ മുറുകുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ജനം പോളിംഗ് ബൂത്തിലെത്തി വിധിയെഴുതുന്നത് വരെ രാഷ്ട്രീയ പാർട്ടികൾക്ക് വിശ്രമമില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ബിജെപി. 195 സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ഇവരിൽ 47 പേര് യുവസ്ഥാനാര്‍ത്ഥികളാണ്. 28 വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ട്. 34 കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പിൽ മത്സരിക്കും. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മത്സരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. അരുണാചല്‍ പ്രദേശില്‍ കിരണ്‍ റിജിജുവാണ് മത്സരിക്കുന്നത്. സര്‍ബാനന്ദ് സോനേബാല്‍ ദിബ്രുഗഡിലും അമിത്ഷാ ഗാന്ധി നഗറിലും ന്യൂഡല്‍ഹിയില്‍ ബാന്‍സുരി സ്വരാജും ബിജെപിയുടെ വിധി തേടും.
കേരളത്തില്‍ 12 സീറ്റുകളിലേക്ക്മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
കാസര്‍ഗോഡ് എംഎല് അശ്വനിയാണ് ബിജെപി സ്ഥാനാർഥി. കണ്ണൂരിൽ സി രഘുനാഥ് ജനവിധി തേടും. വടകരയിൽ പ്രഫുല്‍ കൃഷ്ണനും കോഴിക്കോട് എം ടി രമേശും മലപ്പുറത്ത് ഡോ അബ്ദുല്‍ സലാമും ബിജെപിയ്ക്ക് വേണ്ടി മത്സരിക്കും. പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യവും പാലക്കാട് -സി കൃഷ്ണകുമാറുമാണ് ബിജെപി സ്ഥാനാർഥികൾ. തൃശൂരിൽ നടൻ സുരേഷ് ഗോപിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും. പത്തനംതിട്ടയിൽ അനില്‍ ആന്റണിയും ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമാണ് ജനവിധി തേടുന്നത്.
യുപിയില്‍ 51, മധ്യപ്രദേശ് 24, പശ്ചിമബംഗാള്‍ 26, ഗുജറാത്ത് 15, രാജസ്ഥാന് 15, കേരളം 12, തെലങ്കാന 9, അസം 11, ഝാര്‍ഖണ്ഡ് 11, ഛത്തിസ്ഗഢ്, ഡല്‍ഹി 5, ജമ്മുകശ്മിര്‍ 2, ഉത്തരാഖണ്ഡ് 3 ,അരുണാചല്‍ 2, ഗോവ 1, ത്രിപുര 1, ദാമന്‍ ദിയു1, ആന്‍ഡമാന്‍ നിക്കോബാര്‍1 എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയില്‍ ബിജെപി മത്സരിക്കുന്ന സീറ്റുകള്‍.