അബ്ഷിർ പ്ലാറ്റ്ഫോം വഴി പ്രവാസികൾക്ക് ഓൺലൈൻ ജനന രജിസ്ട്രേഷൻ നടത്താൻ സൗകര്യംഒരുക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ സിവിൽ സ്റ്റാറ്റസ് ഏജൻസിയാണ് ഇക്കാര്യംഅറിയിച്ചത്. ഇലക്ട്രോണിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അതത് വിലാസങ്ങളിലേക്ക് ജനന സർട്ടിഫിക്കറ്റ് അയക്കുന്നതിന് അഭ്യർഥന നൽകാമെന്നും ഏജൻസി വെളിപ്പെടുത്തി. നടപടി ക്രമങ്ങൾ ലളിതമാക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം.
ഇതുവരെ പ്രവാസി സമൂഹത്തിന് ജനനസർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സിവിൽ അഫയേഴ്സ് മന്ത്രാലയത്തിൽ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കണമായിരുന്നു. പിന്നീട് ജനന രജിസ്ട്രേഷൻ ഓഫിസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റുകയായിരുന്നു ചെയ്തിരുന്നത്.പുതിയ നിയമം പ്രവാസികൾക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
അബ്ഷിർ പോർട്ടലിൽ ലോഗിൻ ചെയ്താൽ ജനന രജിസ്ട്രേഷൻ സേവനം തിരഞ്ഞെടുക്കാനാകും. ആവശ്യമായ വ്യക്തിഗത വിവരങ്ങളും രേഖകളും നൽകണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ സർട്ടിഫിക്കറ്റ് നേരിട്ട് വീട്ടിലെത്തുമെന്നും അതോറിറ്റി അറിയിച്ചു.