കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ ഇനി രണ്ട് മാസം കൂടി. സ്വദേശികൾക്കും പ്രവാസികൾക്കും ബയോമെട്രിക് രജിസ്ട്രേഷന് നൽകിയ സമയപരിധി ഒരുമാസം പിന്നിടുകയാണ്. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ബയോമെട്രിക് രജിസ്ട്രേഷന് പൂർത്തിയാക്കാൻ നേരത്തേ ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേർ ഇതിനോടകം തന്നെ നടപടികൾ പൂർത്തിയാക്കി. ജൂൺ ഒന്നിന് മുമ്പ് എല്ലാവരും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണിപ്പോൾ. ഈ കാലാവധിക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ അവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താൽക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇതുവരെ 17.8 ലക്ഷം പേരാണ് ബയോമെട്രിക്സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒമ്പതു ലക്ഷത്തിലേറെ പേര് സ്വദേശികളാണ്. മെറ്റ വെബ്സൈറ്റ്, സഹല്‍ ആപ് എന്നീ സംവിധാനങ്ങൾ വഴി ബയോമെട്രിക് രജിസ്ട്രേഷന് ബുക്ക് ചെയ്ത് ഇതിനായി സജ്ജീകരിച്ച കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് ഡേറ്റ പൂർത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇന്റർപോൾ അടക്കമുള്ള സ്ഥാപനങ്ങളുമായും സുരക്ഷ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര വിലക്കുള്ളവർ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതും ബയോമെട്രിക് ഡേറ്റബേസിലൂടെ കണ്ടെത്താന്‍ സാധിക്കും. നിരവധി രാജ്യങ്ങളിൽ യാത്രക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് ഫിംഗർപ്രിന്റ് നിര്‍ബന്ധമാണ്.