കേരള മനഃസാക്ഷിയെ ഞെട്ടിച്ച നരബലി വാർത്തയ്ക്ക് പിന്നാലെ അറസ്റ്റിലായ ഭഗവൽ സിംഗിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സുഹൃത്തുക്കളായി ഉണ്ടായിരുന്നവർ അതിലും വലിയ ഞെട്ടലിലാണ്. ഹൈക്കു കവിതകളൊക്കെ എഴുതി സ്വയം കവിയായി അറിയപ്പെടുകയുംം ഹൈക്കു കവിത ക്ലാസ് എടുക്കുന്നയാളെന്നുമൊക്കെ പറഞ്ഞിരുന്ന ആളാണ് ഈ ഭഗവൽ സിംഗ്. ഫ്രണ്ട്സ് ലിസ്റ്റിലും എഴുതുന്നവരും വായിക്കുന്നവരും മാധ്യമപ്രവർത്തകരുമെല്ലാം ധാരാളമുണ്ട്. കവിതകൾക്കും താഴെ ആളുകൾ വന്ന് കമൻ്റുകൾ ഇട്ട് തുടങ്ങിയിട്ടുമുണ്ട്.
ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു
(ഹൈകു )
ഇതാണ് വെറും അഞ്ച് ദിവസം മുമ്പ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഹൈക്കു കവിത.
ഇയാൾ നരബലി കേസിലെ പ്രധാന പ്രതിയാണ് എന്ന് അറിഞ്ഞതോടെ നിരവധിപ്പേരാണ് നടുക്കം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
കാലടി സ്വദേശി റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി ക്രൂരമായി കൊല്ലപ്പെട്ടത്. സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന നരബലിയുടെ വിശദാംശങ്ങൾ വെളിപ്പെട്ടത്.