യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്ന മിഡിൽ ഈസ്റ്റിലെ എയർപോർട്ട് ഏതാണെന്ന് അറിയാമോ? മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളമാണത്. വേൾഡ് ട്രാവൽ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് മസ്കറ്റ് എയർപോർട്ട്. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിൽ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.
യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനും അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഒമാൻ എയർപോർട്ട് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ നേട്ടം അർഹമാക്കാൻ സഹായിച്ച ഒമാൻ എയർപോർട്ട് കുടുംബത്തിലെ എല്ലാവർക്കും, ബിസിനസ് പങ്കാളികൾക്കും, തന്ത്രപരമായ പങ്കാളികൾക്കും അഭിനന്ദനങ്ങൾ നേരുകയാണെന്നും അധികൃതർ വ്യക്തമാക്കി. നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും സേവനം ഇനിയും മികച്ചതാക്കാൻ കൂടുതൽ പരിശ്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാൻ എയർപോർട്ട്സ്.