കുവൈറ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സേവനങ്ങൾ ഇനി മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ലഭ്യമാകും. എയർപോർട്ട് ടെർമിനൽ ഒന്നിൽ ബി.ഇ.സി പുതിയ ശാഖ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ടെർമിനൽ ഒന്നിൽ ഡിപ്പാർചർ ഗേറ്റിന് സമീപമാണ് ബി.ഇ.സി എക്സ്ചേഞ്ച് സേവനം ലഭ്യമാകുക. ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ കറൻസി വിനിമയവും പണം അയക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു.
ടെർമിനൽ ഒന്നിൽ പുതുതായി ആരംഭിച്ച ശാഖയോടെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ബി.ഇ.സിയുടെ സേവനം ലഭ്യമാണ്. അതേസമയം മുൻ കുവൈറ്റ് അമീറിന്റെ നിര്യാണത്തോടനുബന്ധിച്ച് 40 ദിവസത്തെ ദുഃഖാചരണം കാരണം ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചതെന്ന് ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ് പറഞ്ഞു.
കുവൈറ്റിൽ ഉടനീളം ബി.ഇ.സിക്ക് നിലവിൽ 60ലധികം ശാഖകളാണ് ഉള്ളത്. ഈസി റെമിറ്റ്, ട്രാൻസ്ഫാസ്റ്റ്, മണിഗ്രാം തുടങ്ങിയ അന്താരാഷ്ട്ര പണമടയ്ക്കൽ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ 200ലധികം രാജ്യങ്ങളിലേക്ക് ബി.ഇ.സിയുടെ സേവനം ഇപ്പോൾ ലഭ്യമാണ്.