മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍വഹണമാണ് തനിക്ക് ജേര്‍ണലിസമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. സാധാരണക്കാര്‍ക്ക് വേണ്ടി തുടര്‍ന്നും നിലകൊള്ളണമെന്നാണ് ആഗ്രഹമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംവാദത്തില്‍ പങ്കെടുക്കവേ ബര്‍ഖ ദത്തിൻ്റെ പ്രതികരണം.
‘ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്’ എന്ന ബര്‍ഖയുടെ പുസ്തകത്തെ ആധാരമാക്കി ബുക് ഫോറത്തിത്തിലാണ് സംവാദം നടന്നത്. കോവിഡ് മാഹാമാരി കാലയളവില്‍ ധൈര്യപൂര്‍വം ജനങ്ങളിലേക്കിറങ്ങി ബര്‍ഖ ദത്ത് നടത്തിയ റിപ്പോര്‍ട്ടിംഗിൻ്റെ പുരാവൃത്തമാണ് പുസ്തകമായത്. വലിയ ജനശ്രദ്ധയും അംഗീകാരവും നേടിയെങ്കിലും ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളെ സ്വാഭാവികമെന്നാണ് എഴുത്തുകാരി വിശേഷിപ്പിച്ചത്.
സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കേണ്ടതിൻ്റെ ആവശ്യകതയാണ് കോവിഡ് കാലത്ത് തന്നെ ഫീല്‍ഡ് റിപ്പോര്‍ട്ടിംഗ് ചെയ്യിച്ചതെന്ന് ബര്‍ഖ ദത്ത് പറഞ്ഞു. ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാന്‍ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളില്‍ 30,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. 1000ത്തിലധികം വീഡിയോ സ്‌റ്റോറികളാണ് അക്കാലയളവില്‍ ചെയ്തത്.ഒരു വിഷ്വല്‍ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും. അതിൻ്റെ രേഖപ്പെടുത്തലാണ് പുസ്തകത്തിലുള്ളതെന്നും ബര്‍ഖ ദത്ത് സൂചിപ്പിച്ചു.
കുറഞ്ഞ ഒരു കാലയളവ് കൊണ്ട് ലോകത്തെ എങ്ങനെയാണ് മാറ്റാനാവുകയെന്ന് കോവിഡ് കാണിച്ചുതന്നെന്നും, ലോക്ക്ഡൗണ്‍ കാലയളവില്‍ കുടിയേറ്റ തൊഴിലാളികളെ കോവിഡ് എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നും ബര്‍ഖ പുസ്തകത്തില്‍ വരച്ചു കാട്ടിയിട്ടുണ്ട്. രണ്ടു ദശകമായി ടിവി ജേര്‍ണലിസത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ബര്‍ഖ ദത്തിന്റെ ഭാഷയുടെ അസാധാരണ കയ്യടക്കവും, വസ്തുനിഷ്ഠവും ആധികാരികവുമായ ശേഷികളും കാണാനാകുന്ന ഗ്രന്ഥമാണിതെന്നാണ് വിലയിരുത്തൽ. മനുഷ്യ ദുരിതങ്ങള്‍ അസ്ഥിയുരുക്കുന്ന ഭാഷയില്‍ പറഞ്ഞ് സമൂഹത്തിൻ്റെ കണ്ണു തുറപ്പിക്കുന്നതാണ് പുസ്തകം.