പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കുന്ന സമയം കഴിക്കേണ്ട ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തരത്തിൽ റമദാനിൽ സമീകൃതവും വ്യത്യസ്തവുമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി.
മാർഗനിർദേശങ്ങൾ
1) ഗോതമ്പ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, വിവിധതരം പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
2) ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് ഉറപ്പാക്കാൻ പയർവർഗങ്ങൾ, മത്സ്യം, മാംസം, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കൊഴുപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
3) ഉയർന്ന കൊഴുപ്പ്, ഉയർന്ന ഉപ്പ്, ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾക്കെതിരെയും അതോറിറ്റി നിർദേശത്തിൽ ഉപദേശിക്കുന്നുണ്ട്.
4) ചെറിയ അളവിൽ അപൂരിത എണ്ണകൾ ഉപയോഗിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്.
5) ഓരോ ദിവസവും ആറ് മുതൽ എട്ട് വരെ ഗ്ലാസ് പ്രത്യേകിച്ച് നോൺ-ഉപവാസ സമയങ്ങളിൽ വെള്ളം കുടിച്ച് ജലാംശം ശരീരത്തിൽ നിലനിർത്തണം.
6) ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഭക്ഷണ ലേബലുകൾ ശ്രദ്ധാപൂർവം വായിക്കണം. ഇതിലൂടെ വിവിധ ഉൽപന്നങ്ങളുടെ കലോറി, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ താരതമ്യം ചെയ്യാൻസാധിക്കും. കൂടാതെ കാലഹരണ തീയതികൾ, ഉൽപന്ന വിവരങ്ങൾ എന്നിവക്ക് ശ്രദ്ധ നൽകുകയും വേണം.
ദൈനംദിന കലോറി ആവശ്യകതകൾ നിർണയിക്കുന്നതിൽ വ്യക്തികളെ സഹായിക്കുന്നതിന് അതോറിറ്റി അതിന്റെ വെബ്സൈറ്റിൽ ‘കലോറി കാൽക്കുലേറ്റർ’ ലഭ്യമാക്കിയതായും സൂചിപ്പിച്ചിട്ടുണ്ട്.