കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിൽ കഴിഞ്ഞ സമയത്തെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടൻ ബാല. ”ആശുപത്രിയിൽ ക്രിട്ടിക്കലായി കിടന്നപ്പോൾ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്റെ മനസ്സിൽ അവസാന നിമിഷങ്ങൾ ആയിരുന്നു അതൊക്കെ. മകളെ കാണണം എന്നൊരു ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല.
ആശുപത്രിയിൽ വച്ച് ഞാൻ പാപ്പുവിനെ(മകൾ) കണ്ടു, ഏറ്റവും മനോഹരമായ ഒരുവാക്ക് ഞാൻ കേട്ടു. ”ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡ്”, എന്നവൾ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓർമയുണ്ടാകും. അതിന് ശേഷം ഞാൻ കൂടുതൽ സമയം അവളുടെ കൂടെ ചിലഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുക ആയിരുന്നു. അത് അവൾ കാണരുതെന്ന് എനിക്കുണ്ടായിരുന്നു.
പക്ഷേ ഒരു ആഗ്രഹം ഉണ്ടായിരുന്നു. എന്റെ മകളെ കാണണം എന്നത്.ആദ്യം അഡ്മിറ്റ് ആയപ്പോൾ നില ഗുരുതരം ആയിരുന്നു. മോൾ ഒക്കെ വന്നത് അപ്പോഴാണ്. സുഹൃത്തുക്കൾ ആരൊക്കെയാണ് എന്ന് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു. ഐസൊലേറ്റഡ് ഐസിയുവിൽ വന്ന ആളുകൾ ഉണ്ട്. ഞാൻ പിണക്കം കാണിച്ചിരുന്ന ആളുകൾ ആണ് ആദ്യമേ ഓടിച്ചാടി എന്റെ അടുത്തുവന്നത്. അതേസമയം ഞാൻ സീരിയസ് ആയി കിടന്നപ്പോൾ എന്റെ അടുത്ത് സഹായം തേടി വന്നിട്ട് ഞാൻ ആശുപത്രിയിൽ ആയപ്പോൾ കൊടുത്ത സഹായത്തിന്റെ പേരിൽ നുണ പറഞ്ഞ ആളുകളും ഉണ്ട്.
എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയില്ല. അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. വിദേശത്ത് ഉള്ളവർ പോലും ഉടനെ എത്തി. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടർ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവർക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ.ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതൽ കാര്യങ്ങൾ മാറി തുടങ്ങി. ”നിങ്ങളുടെ സഹോദരനാണെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യു”മെന്ന് ചേച്ചി ചോദിച്ചപ്പോൾ, ഡോക്ടർ പറഞ്ഞു ”മനസമാധാനമായി വിട്ടേക്കുമെന്ന്”. കാരണം തിരിച്ച് വന്നാലും മുഴുവൻ രൂപത്തിൽ വരുമോയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. അതിനാൽ അദ്ദേഹത്തെ സമാധാനത്തിൽ പോകാൻ അനുവദിക്കുമെന്നും ഡോക്ടർ പറഞ്ഞു.
നിങ്ങൾ പറഞ്ഞാൽ വെന്റിലേറ്റർ ഓഫ് ചെയ്യാമെന്നും ഡോക്ടർ ചേച്ചിയോട് പറഞ്ഞു. അവർ ഒന്നുകൂടി ആലോചിക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. ഡിസ്കസ് ചെയ്തിട്ട് ഫോർമാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവർ കരുതി. അവർ ചോദിച്ച ഒരു മണിക്കൂറിൽ അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറിൽ നടന്ന ദൈവത്തിന്റെ അദ്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചു. ബാല പറയുന്നു.