ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ ബെയ്ലി പാലം നിർമ്മിക്കാനൊരുങ്ങി സൈന്യം. ബെയ്ലി പാലം നിർമ്മാണത്തിനുള്ള സാമഗ്രികളും ഉപകരണങ്ങളുമായി സൈന്യം ഡൽഹിയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തി. തുടർന്ന് 17 ട്രക്കുകളിൽ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.
പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ഇന്ന് ഉച്ചയ്ക്ക് എത്തിക്കുന്നതോടെ താൽക്കാലിക പാലം നിർമ്മാണം വേഗത്തിലാക്കാൻ സാധിക്കുമെന്ന് മന്ത്രി മന്ത്രി കെ. രാജൻ വ്യക്തമാക്കി. പാലം നിർമാണം തുടങ്ങിയാൽ 4 – 5 മണിക്കൂറുകൾക്കുള്ളിൽ പട്ടാളത്തിന് അത് പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
അപകടത്തിന്റെ വ്യാപ്‌തി കൂടുതലായതുകൊണ്ടുതന്നെ കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനായി യന്ത്രങ്ങൾ മേഖലയിലേയ്ക്ക് എത്തിക്കേണ്ടിവരും. കോൺക്രീറ്റ് കട്ടറുകൾ ലഭ്യമല്ലാതിരുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾ മുറിച്ച് മാറ്റുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. കൂടുതൽ ജെ.സി.ബി യും ഹിറ്റാച്ചിയും അപകട സ്ഥലത്തേക്ക് എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.